രചന: ഷാജി പൊന്നമ്പുള്ളി
കണ്ണുകെട്ടുക- അദൃശ്യശക്തികളുടെ പ്രവൃത്തിയായിട്ട് പഴമക്കാര്‍ പറയുന്നു, കണ്ണുകെട്ടുക എന്നാണ് പറയുക. നട്ടുച്ചയിലും അര്‍ധരാത്രിയിലും ഇതുസംഭവിക്കാറുണ്ട്. ദിക്കറിയാതെ,വഴിയറിയാതെ പോകും. കുറ്റിക്കാട്ടിലേക്ക് തീറ്റ തേടി പോയ ഗിനിക്കോഴികളെ നോക്കിയാണ് അവന് യാത്ര തുടര്‍ന്നത്. ഗിനിക്കോഴികള് കാടുകളാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യന് ഇണക്കിവളര്ത്തിയാലും അവ കാടുതേടി യാത്രയാകും. പാമ്പുകളെ കൊല്ലുന്നതു കൊണ്ട് കോഴിവളര്‍ത്തുന്നവര്‍ ഗിനിക്കോഴികളെ വളര്‍ത്തും. കഥയിലേക്കു കടക്കാം.
കോഴികളെ തേടിയിറങ്ങിയ ധ്രുവന് പഴയൊരുവീടിനു മുന്നിലെത്തി. ഗിനിക്കോഴികളുടെ ചിലമ്പിച്ച ശബ്ദം വീടിനകത്തുനിന്നുയരുന്നുണ്ടായിരുന്നു. വാതിലില്‍ മുട്ടിവിളിച്ചു. മരത്തിന്റെ പഴയവാതില്‍, പതുക്കെ അനങ്ങി, എങ്ങനെയായിരിക്കും ഗിനികള്‍ അകത്തെത്തിയുണ്ടാകുക, തെങ്ങിന്റെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്നവ, ഒരുപക്ഷെ ഈ മൂന്നുനില വീടിനുള്ളിലേക്ക് പറന്നു കയറിയതാകാം, പുറത്തു കടക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല. പട്ടിയൊ, പൂച്ചയൊ ഉണ്ടെങ്കില്‍ അവയെ ഉപദ്രവിക്കും. അത്ര പെട്ടെന്നൊന്നും അവയെ പിടിക്കാന്‍ പറ്റില്ല- ധ്രുവന് ആലോചിച്ചു. ഈ വീട് മുമ്പൊന്നും അവന് കണ്ടിട്ടുണ്ടായില്ല. നട്ടുച്ചയ്ക്കായിരുന്നു ഗിനികളെ തേടി അവന് പണിക്കെട്ടി പാടത്ത് എത്തിയത്. അവിടെനിന്നും കദളിമാവിന്റെ ചുവട്ടിലിരുന്നു. കാറ്റില്‍ കണ്ണുകളടഞ്ഞുപോയതെ ഓര്മയുള്ളു, കണ്ണു തുറന്നപ്പോള്‍ ഇവിടെയാണ്. ധ്രുവന് ഓര്‍മിക്കാന്‍ ശ്രമിച്ചു, അതെ അങ്ങനെ തന്നെ, 150 വര്‍ഷം പഴക്കമുള്ള മാവാണ്, മൂപ്പിന്റെ സ്വാദ് അതിലുണ്ടാകുന്ന മാങ്ങയ്ക്കും ഉണ്ട്. മാങ്ങ കഴിച്ചു നോക്കിയിരുന്നു, പിന്നെയും ഗിനിക്കോഴികളുടെ ശബ്ദം കേട്ടു. അവന് വാതിലില്‍ ശക്തമായി ഇടിച്ചു. വാതിലില്‍നിന്നും ഒരു ചെറിയ ഭാഗം അടര്‍ന്നുവീണു. അ എന്ന അക്ഷരം പോലെ അതിലെന്തോ കണ്ടു, അ തന്നെ, അവന് ബാക്കി വായിക്കാന്‍ ശ്രമിച്ചു, താഴെ വീണതിനാല്‍ പൊടിയെല്ലാം പോയിട്ടുണ്ടായിരുന്നു. 51 വാതിലുകളുണ്ട്. അക്ഷരമാലകള്‍ തുന്നിചേര്ത്തവ. അ എന്ന അക്ഷരത്താല്‍ വാതിലില്‍ അഞ്ചു വാക്കുകളെഴുതുക, വാതില്‍ തുറക്കും, ഓരോ വാതിലിനു മുന്നില്‍ ഇത്തരം സൂചകങ്ങളുണ്ടാകും. പിന്നെയുള്ള വാക്യങ്ങള്‍ അവന് വായിക്കാന്‍ കഴിഞ്ഞില്ല. അമ്മ എന്നെഴുതിയപ്പോള്‍ വാതിലിന് അനക്കം വച്ചതായി അവന് തോന്നി, അച്ഛനില്‍ അഞ്ചാമത്തെ വാക്ക് അവസാനിപ്പിച്ചപ്പോള്‍ വാതില്‍ തുറന്നു. വലിയൊരു സ്വീകരണമുറിയിലേക്കവന് കാലെടുത്തുവച്ചു.
(തുടരും)
